പ്രണയിനിക്ക് പത്തു കല്പ്പനകൾ
സ്വർഗ്ഗം പകുത്തു
സ്വപ്നം വിതച്ച്, ശേഷം
സ്വഛന്ദമെന്ന് കരുതുമൊരു
സ്വാർത്ഥ ജീവിതത്തിലേക്കു
പടിയിറങ്ങുന്ന പ്രണയിനിക്കു
പത്തു കല്പനകൾ
പ്രണയം ഘോഷിച്ചു
പ്രാർത്ഥനാ നിർഭരമായ
പുതിയൊരു ജീവിതം കാംഷിച്ച്
പകലന്തിയില്ലാതെ കെട്ടിയ
വേഷങ്ങളോരോന്നും
വലിച്ചെറിഞ്ഞുടയ്ക്കുന്ന
പ്രാണനെൻ പ്രണയിനിക്കു
പത്തു കൽപനകൾ
ഒന്ന്
പങ്കുവെയ്ക്കാതെ കാക്കുക
പണ്ടു നാം പങ്കിട്ട രഹസ്യങ്ങളൊക്കെയും
സ്നേഹരാജ്യത്തിന്റെ പൊൻ
സീമ കാത്ത നാൾ കൈമാറിയ
സുന്ദരമോഹന സ്വപ്നങ്ങളോരൊന്നും
സ്ഫോടനാത്മകമായൊരു തിരിയാവാതെ
സ്വന്തം മനസ്സിന്റെയുള്ളിൽ നീ കാത്തു വെച്ചീടുക
രണ്ട്
കലഹമില്ലാതെ കഴിയുക
കനവന്റെ വേഷം കെട്ടിയാടുന്ന വേളയിൽ
കാതര നിൻ കുറുമ്പിനു കാതോർത്ത്
കടക്കണ്ണിൽ വിരിയാതെ വിരിയുന്ന
കണ്ണീർക്കണങ്ങളെക്കിനാകണ്ട്
കരളേയെന്നെന്റെ പോൽ ഉള്ളറിഞ്ഞൊരു കണം
കനവിലെങ്കിലും വിളിക്കാൻ കഴിയാതെ പോയേക്കാം
മൂന്ന്
ആഗ്രഹിക്കാതിരിക്കുക
അളവറ്റൊരു നാളിലും
നിന്റെ ഇഷ്ടങ്ങളനിഷ്ടങ്ങൾ
നിന്റെ പ്രതീക്ഷകൾ പ്രത്യാശകൾ
നിന്റെ സ്വപ്നങ്ങൾ മോഹങ്ങൾ
എല്ലാം നിയറിയാതെയറിഞ്ഞു
എന്നും നിറവേറ്റുവാൻ നാൾകുറിപ്പുകൾ
എങ്ങോ തികയാതെ പോയങ്കിലോ
നാല്
സ്വയമൊതുങ്ങിക്കഴിയുക
സ്വന്തമായ് നീ തീർത്ത തടവറയ്ക്കുള്ളിലായ്
മനസ്സിലെ പളുങ്കു പാത്രമായ്
മനമേടയിലെ രാജകുമാരിയായ്
മാലോകർ കാണെ നിന്നെ വാഴിക്കുവാൻ
മാണിക്യം കാക്കുന്ന നാഗമാവാൻ
മർത്യഹന്തയവനെ അനുവദിച്ചില്ലെങ്കിലോ
അഞ്ച്
ഓർക്കാതിരിക്കുക ഒരിക്കലും
ഓർമ്മകൾ പുതിയൊരു ചെപ്പിൽ
ഒട്ടും ദുർബലപ്പെടാത്തൊരു താഴിട്ടു പൂട്ടുക
കണ്ണനും രാധയുമായ്
കാളിന്ദീ തീരമെന്നു കൽപ്പിച്ചു നാം
കരിമ്പുഴക്കടവിലാടിയ നാളുകൾ
സൗഗന്ധികം തേടുന്ന ഭീമനായ്
സുന്ദരി നിനക്കായ് ത്യജിക്കാൻ
സ്വജീവൻ പോലും കൊതിച്ച പകലുകൾ
സത്യം, ഒന്നുമിനിയോർക്കാതിരിക്കു ക
ആറ്
സ്നേഹിക്ക നീയവനെ അന്നുനീയെന്നെ
സ്നേഹിച്ചതിലും ഒരു മാത്രയധികമായ്
സ്വർണ്ണം സ്വത്തു സൗന്ദര്യമെല്ലാം
സഖീ, തീർന്നീടാം മധുനുകർന്നിടും മുതൽ ദശയിലേ
സ്നേഹമൊന്നു മാത്രം വിളമ്പുക
സാധിക്കുമളവിൽ ജീവിതാന്ത്യം വരെ
സതീർത്ഥ്യനെൻ ചിന്തവെടിഞ്ഞു
സുന്ദരമായൊരു ജീവിതം കയ്യാളുക
സന്ധ്യാ നാമങ്ങളെ സ്വപ്നങ്ങളിൽ ചാലിച്ച്
സ്നേഹ സുരഭിലയായൊരു മധുവാണിയാകുക
ഏഴ്
താദാത്മ്യപ്പെടുത്താതെ നീ വാഴ്വിൽ
തൻ പതിയെ പ്രണയ സ്വരൂപവുമായ്
നാടകശാലയിൽ പണ്ട് കണ്ടുമറന്ന
നായകവേഷമെല്ലാം ജീവിതമാകുമെന്നോ
നരകം, സ്വർഗ്ഗം വിധി വിപരീതമെല്ലാം
നീന്തി കടക്കുന്ന ജീവിതയാത്രയിൽ
താൻ താൻ കൈക്കുമ്പിളിൽ കിട്ടിയ കയ്പുനീർ
തേനായമൃതായ് കുടിച്ചുല്ലസിച്ചിടുക തന്നെ വേണ്ടൂ
എട്ട്
വഴിപിഴച്ചിടാതെ സൂക്ഷിക്കനിൻ
വാഴ്വിൻ ഭ്രമണപഥത്തിലെന്നും
മോഹന വാഗ്ദത്തങ്ങളും അതിലേറെ
മണിമാളികക്കെട്ടുകളും പ്രിയേ
ചേലാർന്ന നിന്നാകാര വടിവിനു പകരമായി
ചില കാമാർത്ത ദേഹികൾ വെച്ചു നീട്ടിയേക്കാം
ഒരു നാൾ ജീവിത വഴി പിഴച്ചുവെന്നാൽ
ഓർക്കുക പലനാളോടിയാലും നിന്നിടത്തെത്തുകില്ലാ
ഒമ്പത്
നിൻ ചില്ലുജാലകം തുറന്നിടാതിരിക്കുക
നിറമാർന്ന സ്വപ്നങ്ങളും പ്രണയ സങ്കൽപ്പങ്ങളും
നിത്യ വസന്തമായ് കൂടെയുണ്ടാമെന്ന
നഷ്ടമോഹങ്ങൾ തകർത്തെറിഞ്ഞൊരു
കടുത്ത ഭ്രാന്തൻ വഴിപോക്കനെ നിന്നുണ്ണികൾ
കൂർത്ത കല്ലാലെറിയുന്ന കാഴ്ചകൾ കാണുമ്പോൾ
ഉള്ളിലൊരു കോണിലെങ്കിലും പ്രിയതമേ
ഉറഞ്ഞു തുള്ളിയൊരു കണം നിൻ തന്ത്രികൾ
ചൊല്ലാതെ ചൊല്ലിയെങ്കിലോ ഒരു നാൾ
ചേലറ്റയിക്കോലത്തിനെ ഞാനാശിച്ചിരുന്നുവെന്ന്
പത്ത്
മക്കളും മക്കടെ മക്കളും പതിയുമായ്
മിണ്ടിപ്പറഞ്ഞിരിക്കുന്ന നേരവും
തിന്നാനെടുത്ത മധുരനാരങ്ങ പൊതിഞ്ഞൊരു
താളിനുള്ളിൽ പടർന്നു കിടക്കുന്ന
തീവണ്ടി കശക്കിയെറിഞ്ഞ അജ്ഞാത ദേഹം
തിരിച്ചറിഞ്ഞു നിയെങ്കിലും പുലമ്പാതിരിക്കുക
തലതിരിഞ്ഞ ഈ രൂപമെൻ ഹൃത്തിലൊരു നൂറുവട്ടം
താളലയ സംഗമമായിരുന്നു വെന്ന്
സമാപനം
കൽപ്പിക്കുവാനാളല്ല ഞാനെങ്കിലും ഓമലേ
കരളിലെ ചോരയും നീരും പിഴിഞ്ഞെടുത്ത്
കിറുക്കനെൻ കൈവിരലതിൽ മുക്കി
കുറിച്ചില്ല നിനക്കായ് ഞാനിത്രയെന്നാകിലോ
കാണാതെ പോയിട്ടും ലോകം ഒടുക്കം വരെ
കെടുകെട്ട ഒരു പ്രേമഭാവനയും അതിലേറെ
കാലം കരിന്തിരി കൊളുത്തിയ എന്നോർമ്മകളും
mmmmmmmmmmmmmmmmmmmmmmmmmmm
· · · 5 minutes ago
- You like this.
- Thenammaavan Kottaangal കൽപ്പിക്കുവാനാളല്ല ഞാനെങ്കിലും ഓമലേ
കരളിലെ ചോരയും നീരും പിഴിഞ്ഞെടുത്ത്
കിറുക്കനെൻ കൈവിരലതിൽ മുക്കി
കുറിച്ചില്ല നിനക്കായ് ഞാനിത്രയെന്നാകിലോ
കാണാതെ പോയിട്ടും ലോകം ഒടുക്കം വരെ
കെടുകെട്ട ഒരു പ്രേമഭാവനയും അതിലേറെ
കാലം കരിന്തിരി കൊളുത്തിയ എന്നോർമ്മകളും
മുജീബ് ഇഷ്ടമായി .. വളരെ വളരെ നല്ല വരികള് .........
ഇനിയും ഒഴുകട്ടെ താങ്കളുടെ രചനകള് ...........
കാത്തിരിക്കുന്നു ..........2 seconds ago ·
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ